കുണ്ടറ കസ്റ്റഡി മരണം… പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്… മരണകാരണം…

കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ച സിയാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മരണത്തിന് കാരണമായ മാരകമായ പരിക്കുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശ്വാസകോശത്തിൽ മഞ്ഞനിറത്തിലുള്ള പഴുപ്പ് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, വലതു കൈത്തണ്ടയിലും കൈമുട്ടിലും ഇടതു കൈത്തണ്ടയിലും ചെറിയ പോറലുകളും ചതവുകളും ഉണ്ടായിരുന്നുവെന്നും അവ ഏതാനും ദിവസങ്ങൾ പഴക്കമുള്ള മുറിവുകളാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡി മർദനമാണ് സിയാദിന്റെ മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ പരാതിയെ തുടർന്ന് കുണ്ടറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥർക്കും മെമ്മോ നൽകിയിട്ടുണ്ട്. അയൽവാസിയായ 13-കാരനെ കാണാതായെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കുട്ടി തിരിച്ചെത്തിയതിനെ തുടർന്ന് സിയാദിനെ വിട്ടയക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിയാദ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button