രക്തം പുരണ്ട ഷർട്ട് കെട്ടിപ്പിടിച്ച് മറിയു വിങ്ങിപ്പൊട്ടി; ഫസൽ വധക്കേസ് വിസ്താരത്തിനിടെ വൈകാരിക രംഗങ്ങൾ

തലശ്ശേരി മുഹമ്മദ് വധക്കേസിൽ സാക്ഷി വിസ്താരം തുടങ്ങി. തൊണ്ടിമുതൽ തിരിച്ചറിയുന്നതിനിടെ കോടതിയിൽ അതിവൈകാരിക രംഗങ്ങൾ. തൊണ്ടി സാധനങ്ങളുടെ കൂട്ടത്തിൽ രക്തം പുരണ്ട ഷർട്ട് കണ്ട് ഫസലിന്റെ ഭാര്യ മറിയു പൊട്ടിക്കരഞ്ഞു. തുടർന്ന് ഷർട്ട് ചേർത്ത് പിടിച്ച് മറിയു പൊട്ടിക്കരഞ്ഞു.ചെരിപ്പ്, ടോർച്ച് എന്നിവയെല്ലാം ഒറ്റ നോട്ടത്തിൽ ഭാര്യ തിരിച്ചറിഞ്ഞു. മറിയുവിന്റെ വിസ്താരം ഇന്നലെ പൂർത്തിയായി. ഈ മാസം ആറിന് വീണ്ടും കേസ് പരിഗണിക്കും. കേസിൽ അന്വേഷണം വഴി തെറ്റിക്കാൻ പ്രതികൾ ഉപയോഗിച്ച രക്തം പുരണ്ട തൂവാല എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കാണാതെ പോയെന്ന റിപ്പോർട്ടും പിന്നീട് കണ്ടെത്താൻ കഴിഞ്ഞെന്നുമുള്ള റിപ്പോർട്ടും വിചാരണ കോടതി പരിശോധിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐ പ്രത്യേക കോടതി ജഡ്ജി ഹാഫിസ് മുഹമ്മദ് ഉത്തരവിട്ടു.
തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല എലി കരണ്ട് നശിപ്പിച്ചെന്ന റിപ്പോർട്ടാണ് സിജെഎം കോടതി ജീവനക്കാർ ആദ്യം വിചാരണക്കോടതിക്ക് നൽകിയത്. എൻഡിഎഫ് പ്രവർത്തകനും തേജസ് പത്ര ഏജന്റുമായിരുന്ന തലശേരി പിലാക്കൂൽ ഒളിയിലക്കണ്ടി മുഹമ്മദ് ഫസലിനെ 2006 ഒക്ടോബർ 22ന് പുലർച്ചെ പത്രം എടുക്കാൻ പോകുന്നതിനിടയിൽ തലശേരി ജഗന്നാഥ ടെമ്പിൾ റോഡ് ലിബർട്ടി ക്വാർട്ടേഴ്സിന് മുന്നിലാണ് വെട്ടിക്കൊലപ്പെടുത്തിയത്.



