ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്

കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തിൽ പുതിയ വിവാദം. സ്ത്രീകൾ സൗജന്യ ബസുകളിൽ തള്ളിക്കയറുന്നുവെന്ന ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശത്തിനെതിരെ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. വോട്ടുനേടാൻ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ശേഷം ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സർക്കാർ ആർക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്നും മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരെ എന്ന മുന്നറിയിപ്പും ഗണേഷ് കുമാർ നൽകുന്നുണ്ട്. വോട്ട് പിടിച്ച് കാര്യം നടന്നു കഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യ യാത്ര ചെയ്തോളു എന്ന് പറയുക, എന്നിട്ട് ബസുകളിൽ സൗജന്യ യാത്ര ചെയ്യുമ്പോൾ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നുവെന്ന് പറഞ്ഞ് സ്ത്രീകളെ അധിക്ഷേപിക്കുകയാണെന്നും ഗണേഷ് കുമാർ വിമർശിച്ചു.




