രക്ഷാദൗത്യത്തിനിടെ കാണാതായ റപ്പലിങ് ഇൻസ്ട്രക്ടർ രാജേഷിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിന്റെ (36) മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശിയായ രാജേഷ് ഭവനിൽ രാജേഷിന്റെ മൃതദേഹമാണ് പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്ന് കണ്ടെത്തിയത്.
ഓഗസ്റ്റ് ഒന്നിന് വൈകീട്ട് മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ഷിബിനും ജിതിനും ഒപ്പമാണ് രാജേഷ് കരകവിഞ്ഞൊഴുകുന്ന പുഴ നീന്തി തുരുത്തിലെത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് അഴിച്ച് ബെന്നിയെ ധരിപ്പിച്ച ശേഷമാണ് രാജേഷ് കയറിൽ പിടിച്ച് പുഴ മുറിച്ചുകടന്നത്. കരയ്ക്ക് അടുത്ത എത്താറായപ്പോൾ കയറിൽനിന്ന് പിടിവിട്ട് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും പിന്നീട് മുങ്ങിപ്പോകുകയായിരുന്നു. അഡ്വഞ്ചർ ടൂറിസം രംഗത്തെ പരിശീലകനായ രാജേഷ് നീന്തലിലും വിദഗ്ധനായിരുന്നു. തണുത്ത വെള്ളത്തിൽ ശരീരം കോച്ചിപ്പിടിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.




