ശബരിമല നെയ് വിവാദം… ക്രമക്കേട് ആരോപണം തള്ളി മിൽമ…

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ്യുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങൾ തള്ളി മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമ യാതൊരു ക്രമക്കേടും നടത്തിയിട്ടില്ലെന്നും നിലവാരം കുറഞ്ഞ നെയ് ദേവസ്വം ബോർഡിന് കൈമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലേക്ക് വിതരണം ചെയ്ത നെയ്യിൽ ഗുണനിലവാര വ്യത്യാസം ഉണ്ടായതായി ഇതുവരെ ദേവസ്വം ബോർഡ് അറിയിച്ചിട്ടില്ലെന്നും വിതരണം ചെയ്ത നെയ്യുടെ മുഴുവൻ തുകയും ദേവസ്വം ബോർഡ് ഇതിനകം നൽകിയിട്ടുണ്ടെന്നും കെ.എസ്. മണി പറഞ്ഞു.
നെയ് ടിൻ ടാമ്പർ ചെയ്ത് നിലവാരം കുറഞ്ഞ നെയ് നിറച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണെന്നും, ലെഡ് സീൽ മാറ്റി അത്തരമൊരു കൃത്യം നടന്നിട്ടുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് അയച്ച ഓരോ ബാച്ച് നെയ്യും മിൽമയുടെ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമാണ് വിതരണം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം വിജിലൻസും ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണത്തെ മിൽമ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ അന്വേഷണങ്ങളോടും പൂർണമായും സഹകരിക്കുമെന്നും കെ.എസ്. മണി വ്യക്തമാക്കി. ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീരകർഷകർക്ക് പിന്തുണ ലഭിക്കുന്നതിനായാണ് മിൽമ നെയ് വാങ്ങണമെന്ന അഭ്യർഥന ദേവസ്വം ബോർഡിന് മുന്നിൽ ഉന്നയിച്ചതെന്നും, ഭക്തരിൽ നിന്ന് ലഭിക്കുന്ന നെയ് തന്നെ ശബരിമലയിലെ ദൈനംദിന ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്ന് ദേവസ്വം ബോർഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിൽമയുടെ നെയ് ശബരിമലയിൽ ഇനി ഉപയോഗിക്കേണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, അത് ചില കേന്ദ്രങ്ങൾ നടത്തുന്ന തെറ്റായ പ്രചാരണമാണെന്നും കെ.എസ്. മണി ആരോപിച്ചു.



