ചെല്ലാനത്ത് കടലാക്രമണം രൂക്ഷം….റോഡ‍ുകൾ വെള്ളത്തിൽ….

കനത്ത മഴയ്ക്കും വേലിയേറ്റത്തിനുമൊപ്പം ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണവും. ഉച്ചയോടെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടൽക്ഷോഭം രൂക്ഷമാവുകയായിരുന്നു. വമ്പൻ തിരമാലകൾ അടിച്ചുകയറിയതോടെ വീടുകളിൽ വെള്ളവും ചെളിയും കയറുകയും പ്രധാന റോഡുകൾ പൂർണ്ണമായി മുങ്ങുകയും ചെയ്തു.

ചെല്ലാനം, കണ്ണാമാലി, ചെറിയ കടവ്, പുത്തൻതോട്, കാട്ടിപ്പറമ്പ്, സൗദി, മാനാശ്ശേരി തുടങ്ങിയ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കടൽഭിത്തി തകർന്നു കിടക്കുന്ന ഇടങ്ങളിലാണ് തിരമാലകൾ കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്.

കടലാക്രമണത്തിൽ കൂടുതൽ ദുരിതം അനുഭവിക്കുന്ന കണ്ണാമാലിയിൽ താൽക്കാലികമായി സ്ഥാപിച്ച ജിയോബാഗ് പ്രതിരോധ ഭിത്തികൾ തിരകളുടെ ആഘാതത്താൽ തകർന്നടിഞ്ഞു. ഇതോടെ ചെളിയും മണ്ണും കലർന്ന കടൽവെള്ളം ജനവാസ കേന്ദ്രങ്ങളിലേക്കും വീട്ടുപറമ്പുകളിലേക്കും ഇരച്ചുകയറി. തിരമാലകളുടെ ഒഴുക്കിൽ ചെല്ലാനം- കണ്ണമാലി പ്രധാന പാത പൂർണമായും വെള്ളത്തിനടിയിലായി.

രാവിലെ 11 മണിയോടെ കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത ചെറിയ കടവിലും സ്ഥിതിഗതികൾ ദയനീയമാണ്. ഉദ്ഘാടനം ചെയ്തെങ്കിലും ഇവിടെ കടൽഭിത്തി നിർ‌മാണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. റോഡുകളും നടപ്പാതകളും ഓടകളും പൂർണമായും വെള്ളത്തിലായി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും തടസ്സപ്പെട്ടു.

Related Articles

Back to top button