യുപിഎസ്‌സി, എസ്‌എസ്‌സി പരീക്ഷകളിൽ പരിഷ്കരണവുമായി കേന്ദ്ര സർക്കാർ….

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) എന്നിവ നടത്തുന്ന മത്സരപരീക്ഷകളിൽ ഭരണപരവും സാങ്കേതികവുമായ സുപ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുപിഎസ്‌സി പരീക്ഷകളിൽ ആൾമാറാട്ടം തടയുന്നതിനായി ഫേസ് ഓതന്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തും.

കൂടാതെ, ഉദ്യോഗാർത്ഥികളുടെ സിവിൽ സർവീസ് പരീക്ഷാ ശ്രമങ്ങൾ പരിശോധിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കും. പരീക്ഷയ്ക്ക് ശേഷം പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും അതിനെതിരെ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ തടസ്സവാദങ്ങൾ ഉന്നയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് അവർ ആവശ്യപ്പെടുന്ന പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതിനും തീരുമാനമായി. അപേക്ഷാ നടപടികൾ കൂടുതൽ ലളിതമാക്കാൻ മൊഡ്യൂളാർ പോർട്ടൽ, കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ, പ്രത്യേക കാൻഡിഡേറ്റ് ഹെൽപ്പ് ഡെസ്ക് എന്നിവയും സജ്ജമാക്കും.

അതേസമയം, എസ്‌എസ്‌സി പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളായി (CBT) മാറ്റിയിട്ടുണ്ട്. രേഖകൾ ഭൗതികമായി കൈമാറുന്ന രീതിക്ക് പകരം സുരക്ഷിതമായ ഡിജിറ്റൽ ഇ-ഡോസിയർ സംവിധാനം നടപ്പാക്കിയതോടെ വിവിധ വകുപ്പുകൾ തമ്മിലുള്ള വിവരക്കൈമാറ്റം കൂടുതൽ വേഗത്തിലാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. റാങ്ക് ലിസ്റ്റിലുള്ള ഒഴിവുകൾ നികത്താതെ പോകുന്ന സാഹചര്യം ഒഴിവാക്കാൻ സ്ലൈഡിങ് മെക്കാനിസം ഫ്രെയിംവർക്ക് നടപ്പിലാക്കിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പരീക്ഷാ നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവും ഉദ്യോഗാർത്ഥി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു.

Related Articles

Back to top button