മുത്തങ്ങ കേസ്: 23 വർഷത്തിന് ശേഷം മുഴുവൻ പ്രതികളും….

കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. വനഭൂമിയിൽ അതിക്രമിച്ച് കയറിയെന്ന കുറ്റവും തെളിയിക്കാനായില്ല. 23 വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. കേസിലെ 53 പ്രതികളിൽ 40 പേർ കോടതിയിൽ ഹാജരായപ്പോൾ നാല് പേർ ഹാജരായില്ല. പ്രതിപ്പട്ടികയിലുണ്ടായിരുന്ന 15 പേർ ഇതിനിടെ മരണപ്പെട്ടിരുന്നു.

2003 ജനുവരി 5-ന് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ ഭൂസമരം ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സമരം ഒഴിപ്പിക്കാൻ പൊലീസ് നടപടി ആരംഭിച്ചതോടെ സംഘർഷമുണ്ടായി. ഈ സംഘർഷത്തിനിടെ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ. വി. വിനോദിനെ സമരക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സമരനായിക സി. കെ. ജാനു ഉൾപ്പെടെ 53 പേർക്കെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസ് ആദ്യം കേരള പൊലീസ്, പിന്നീട് ക്രൈംബ്രാഞ്ച്, തുടർന്ന് സിബിഐയുടെ ചെന്നൈ യൂണിറ്റ് എന്നിവ അന്വേഷിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എറണാകുളത്തെ സിബിഐ കോടതിയിൽ നിന്ന് കേസ് കൽപ്പറ്റ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തിയെന്നതിന് നേരിട്ടുള്ള ദൃക്സാക്ഷി മൊഴികളോ മതിയായ തെളിവുകളോ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നാണ് കോടതി വിലയിരുത്തൽ. അതേസമയം, 2003 ഫെബ്രുവരി 19-ന് സമരക്കാർക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജോഗിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണമോ നിയമനടപടിയോ ഉണ്ടായില്ലെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.

Related Articles

Back to top button