കേരളം പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ വികസന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും തുടർനടപടികളിൽ കേരളം ഇതുവരെ പങ്കാളിയായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. കോൺഗ്രസ് എംപി ജെബി മേത്തറിന്റെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധാരണാപത്രം ഒപ്പിട്ട ശേഷം പദ്ധതിയുടെ ഭാഗമാകേണ്ട സ്കൂളുകളെ കണ്ടെത്താനായി നടത്തുന്ന ‘ചലഞ്ച് മോഡ്’ പ്രക്രിയയിൽ കേരളം ഭാഗമായിട്ടില്ലെന്ന് കേന്ദ്രം മറുപടിയിൽ ചൂണ്ടിക്കാണിച്ചു.

പിഎം ശ്രീ നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിന് പ്രത്യേക ഫണ്ട് നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിദ്യാർത്ഥികളുടെ ഭാവിയും വിശാല താല്പര്യവും കണക്കിലെടുത്ത് സമഗ്ര ശിക്ഷാ വഴിയുള്ള റൈറ്റ് ടു എജ്യുക്കേഷൻ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.

ഉത്തരവിന്റെ അനുബന്ധമായി നൽകിയ പട്ടിക പ്രകാരം പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണ്. നിലവിൽ പദ്ധതിയിൽ തിരഞ്ഞെടുത്തിട്ടുള്ള 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവയാണ് (കെവി, നവോദയ തുടങ്ങിയവ). കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമായി നിൽക്കുന്നത്.

തമിഴ്നാട് ഇതുവരെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടില്ലെന്നും, പശ്ചിമ ബംഗാളിൽ സ്കൂളുകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണെന്നും, എന്നാൽ കേരളം ഈ പ്രക്രിയയിൽ ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Related Articles

Back to top button