പേനയുടെ ക്യാപ് എടുക്കാൻ എഴുന്നേറ്റു… ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ….

തൃശൂർ: നിസ്സാര കാരണത്തിന്റെ പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. താഴെ വീണ പേനയുടെ ക്യാപ് എടുക്കാൻ ബെഞ്ചിൽ നിന്ന് എത്തിനോക്കിയതിനാണ് അധ്യാപകൻ മർദ്ദിച്ചതെന്നാണ് വിദ്യാർത്ഥിയുടെ പിതാവ് ആരോപിക്കുന്നത്. വരവൂർ സ്വദേശിയായ മണികണ്ഠൻ എന്ന സോഷ്യൽ സയൻസ് അധ്യാപകനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്നാണ് പരാതി.
ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. ക്ലാസിൽ വീണ പേനയുടെ അടപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഉയരം കുറവായ വിദ്യാർത്ഥി ബെഞ്ചിൽ നിന്ന് എത്തിനോക്കിയത് അധ്യാപകനെ പ്രകോപിപ്പിച്ചതായാണ് കുടുംബം പറയുന്നത്. അധ്യാപകൻ വിദ്യാർത്ഥികളെ പതിവായി ഇത്തരത്തിൽ ശിക്ഷിക്കാറുണ്ടെന്നും മറ്റ് വിദ്യാർത്ഥികൾ ആരോപിക്കുന്നു. അധ്യാപകന്റെ മർദ്ദന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകൻ മർദ്ദിച്ച വിവരം കുട്ടി വീട്ടിൽ അറിയിച്ചിരുന്നെങ്കിലും ദൃശ്യങ്ങൾ കണ്ടപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായതെന്ന് മാതാപിതാക്കൾ പറഞ്ഞു. അധ്യാപകനെതിരെ നേരത്തെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സ്കൂൾ പ്രധാനാധ്യാപിക അറിയിച്ചു. സംഭവത്തിൽ വിദ്യാർത്ഥിയുടെ കുടുംബം ബാലാവകാശ കമ്മീഷനിലും പൊലീസിലും പരാതി നൽകുമെന്ന് വ്യക്തമാക്കി. അധ്യാപകനെതിരെ തുടർനടപടികൾ സ്വീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




