രണ്ട് വിവാഹം, പല പേരുകൾ, 25 വർഷത്തെ ഒളിവ്… കൊലക്കേസ് പ്രതി പിടിയിൽ

കണ്ണൂർ: കതിരൂർ വേറ്റുമ്മലിൽ രതീഷ് കൊല്ലപ്പെട്ട കേസിൽ 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഒൻപതാം പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. കതിരൂർ ഹറാത്ത് ഹൗസിൽ സി.എച്ച്. അഷ്റഫ് (58) ആണ് അറസ്റ്റിലായത്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള കുറുമാത്തൂരിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 15 വർഷമായി ഇയാൾ ഈ മേഖലയിലുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിലെ മറ്റ് പ്രതികൾ ഇതിനോടകം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം നാടുവിട്ട അഷ്റഫ് പേരും വിലാസവും മാറ്റി മൈസൂരു, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു. പിന്നീട് കേരളത്തിലെത്തിയ ഇയാൾ പഴയ പേരിൽ തന്നെയാണ് പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ, നിടുമുണ്ട എന്നിവിടങ്ങളിൽ തട്ടുകട നടത്തി ജീവിച്ചിരുന്നത്. ഈ കാലയളവിൽ രണ്ട് വിവാഹങ്ങളും കഴിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. 25 വർഷം പഴക്കമുള്ള ഫോട്ടോയും പഴയ വിലാസവിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ പൊലീസ് അന്വേഷണമാണ് ഒടുവിൽ പ്രതിയെ കുടുക്കിയത്. ചില സുഹൃത്തുക്കളിൽ നിന്നു ലഭിച്ച നിർണായക വിവരങ്ങൾ അന്വേഷണത്തിന് വഴിത്തിരിവാകുകയും, ദീർഘകാല ഒളിവിന് ഒടുവിൽ അഷ്റഫിനെ അറസ്റ്റ് ചെയ്യാനാകുകയും ചെയ്തതായി പൊലീസ് അറിയിച്ചു.




