ധർമ്മടത്ത് വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ….

ധർമ്മടം ചാത്തോടത്ത് തനിച്ചു താമസിച്ചിരുന്ന വയോധികയുടെ മൂന്നു പവൻ മാല കവർന്ന കേസിൽ പ്രതികളെ ധർമ്മടം പൊലീസും തലശ്ശേരി എഎസ്പിയുടെ സ്ക്വാഡും ചേർന്ന് മംഗളൂരുവിൽ നിന്നും പിടികൂടി. ധർമ്മടം സ്വദേശി മുഹമ്മദ് യാസിൻ (20), തലശ്ശേരി മട്ടമ്പ്രം സ്വദേശി മുഹമ്മദ് അനസ് (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട് വാടകയ്ക്ക് കൊടുക്കാനുണ്ടോയെന്ന് ചോദിച്ചെത്തിയ പ്രതികൾ വയോധികയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.



