കർക്കടക വാവുബലി .. ഈ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി മുതൽ ഓഗസ്റ്റ് 12 ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷൻ പരിധി, വർക്കല മുനിസിപ്പാലിറ്റി പരിധി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധി എന്നിവിടങ്ങളിലെ എല്ലാ മദ്യവിൽപ്പനശാലകളുടെയും പ്രവർത്തനം ഈ സമയത്ത് നിരോധിച്ചുകൊണ്ടാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്.

വാവുബലി ചടങ്ങുകൾക്കായി ക്ഷേത്രങ്ങളിലും നദീതീരങ്ങളിലും കടൽത്തീരങ്ങളിലും വലിയ തോതിൽ ഭക്തജനങ്ങൾ എത്തുന്ന സാഹചര്യത്തിലാണ് നടപടി. നിരോധന കാലയളവിൽ മദ്യവിൽപ്പന, വിതരണം, ഉപഭോഗം എന്നിവയ്ക്കെതിരെ കർശന പരിശോധനയും നിയമനടപടിയും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കർക്കടക വാവുബലി തർപ്പണവുമായി ബന്ധപ്പെട്ട് വിവിധ ബലിർപ്പണ കേന്ദ്രങ്ങളിൽ ജനങ്ങൾ എത്തിച്ചേരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്.

തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ ബലിത‌ർപ്പണത്തിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനങ്ങൾ എത്തിച്ചേരുന്ന സാഹചര്യത്തിലാണ് നടപടി. പൊതുശാന്തിയും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Related Articles

Back to top button