വിദ്യാർത്ഥികൾക്കെതിരെ വെടിവെക്കുമെന്ന പരാമർശം…. ടി.ജി. മോഹൻദാസിനെതിരെ…

തിരുവനന്തപുരം: കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. അപകീർത്തികരമായ പരാമർശം, കലാപത്തിന് പ്രേരണ നൽകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് നടപടി.ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ നേരിടാൻ അവസരം ലഭിച്ചാൽ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും, പ്രതിഷേധക്കാരോട് മൂന്ന് തവണ പിരിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെക്കുമെന്നും ടി.ജി. മോഹൻദാസ് ഒരു ചർച്ചയ്ക്കിടെ പറഞ്ഞിരുന്നു. ഇതിൽ ആളുകൾ മരിക്കുമെന്നും ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുമെന്നും അദ്ദേഹം പരാമർശിച്ചിരുന്നു. ഇത്തരം പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമർത്തിയ അനുഭവമുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹൻദാസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ വ്യാപക വിമർശനത്തിന് ഇടയാക്കിയതോടെയാണ് നിയമനടപടികൾ ആരംഭിച്ചത്.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ പൊലീസ് ഉടൻ കേസെടുക്കുമ്പോൾ, ടി.ജി. മോഹൻദാസിനെതിരായ പരാതിയിൽ തുടക്കത്തിൽ അന്വേഷണം മാത്രമാണ് നിർദേശിച്ചതെന്നായിരുന്നു പരാതിക്കാരുടെ വിമർശനം. തുടർന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Back to top button