പേ ടിഎം പേയ്മെൻ്റ്സ് ബാങ്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി….

പേ ടിഎം പേയ്മെൻ്റ്സ് ബാങ്ക് അടച്ചുപൂട്ടാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതായി ആർബിഐ. ഈ വർഷം ഏപ്രിലിൽ പേ ടിഎം പേയ്മെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കിയിരുന്നു. നിക്ഷേപകരുടെ താൽപര്യത്തിന് ഹാനികരമായ രീതിയിൽ ബാങ്കിന്റെ കാര്യങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എസ്ബിഐ മുൻ ചീഫ് ജനറൽ മാനേജർ ഗിരികുമാർ നായരെ ലിക്വിഡേറ്ററായി നിയമിച്ചു. ബാങ്ക് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലേക്ക് കടന്നു.
ഏപ്രിൽ 24ന് ബാങ്കിങ് ലൈസൻസ് ആർ ബി ഐ റദ്ദാക്കിയതിനെ തുടർന്ന് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ ആർ ബി ഐ സമീപിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. നേരത്തേ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും ആർബിഐ ബാങ്കിനു വിലക്കേർപ്പെടുത്തിയിരുന്നു.



