‘എകെജി ഭവനിൽ കയറാൻ എവിടെ നിന്നാണ് ധൈര്യം?, നെയിം ബോർഡും യൂണിഫോമും എവിടെ?’

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായി എകെജി ഭവനിലെത്തിയ ഡൽഹി പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ട് സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് എംപി. ഇത് പാർട്ടിയുടെ ദേശീയ ആസ്ഥാനമാണെന്നും എന്തടിസ്ഥാനത്തിലാണ് അനുമതി വാങ്ങാതെ പാർട്ടി ഓഫീസിൽ കയറിയതെന്നും ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു. പൊലീസ് നടപടി സിപിഎം നേതാക്കൾ തടഞ്ഞതോടെ നാടകീയ രംഗങ്ങൾക്കാണ് എകെജി ഭവൻ വേദിയായത്.
‘അകത്തുകയറാൻ എവിടെ നിന്നാണ് ധൈര്യം? 30ന് കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ അവർ അവിടെ ഹാജരാകും. വർഷങ്ങളായുള്ള കേസാണ്. അതിനിടെ നിങ്ങൾ ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. ജന്തർമന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്തവരോട് ഒരു ദയയും കാണിക്കില്ല എന്ന സന്ദേശമാണ് നിങ്ങൾ നൽകുന്നത്’- ജോൺ ബ്രിട്ടാസ് തർക്കിച്ചു.




