‘ശ്വേതയുടെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ’…സത്യവാങ്മൂലത്തില്‍ രമേഷ് പിഷാരടി

കൊച്ചി: താരസംഘടന അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ശ്വേത മേനോനെതിരെ രമേഷ് പിഷാരടി. ജനപ്രതിനിധിയായ തന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശത്തോടെയാണ് അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിയാക്കിയതെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും രമേഷ് പിഷാരടി പറഞ്ഞു. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം.
അമ്മയുടെ നടത്തിപ്പിന് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതിനെതിരെ രമേഷ് പിഷാരടിയെ എതിര്‍കക്ഷിയാക്കി ശ്വേത മേനോന്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കേസില്‍ നിന്നും ഒഴിവാക്കണമെന്നാണ് രമേഷ് പിഷാരടിയുടെ ആവശ്യം. അഡ്‌ഹോക് കമ്മിറ്റി തലപ്പത്ത് നിന്നും സ്വമേധയാ ഒഴിഞ്ഞിരുന്നു. അതിനാല്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് ഒരുമണിക്കൂറിന് ശേഷം പാലക്കാട്ടേക്ക് മടങ്ങി. അതിന് ശേഷം എന്തൊക്കെയാണ് നടന്നതെന്ന് അറിയില്ലെന്നും രമേഷ് പിഷാരടി സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.



