പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ മരണം….ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ…

കൊല്ലം: ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചത് പൊലീസിന്‍റെ ക്രൂരമായ മർദ്ദനം കാരണമെന്ന പരാതി കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവി അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഓഗസ്റ്റ് അഞ്ചിന് കമ്മീഷന്‍റെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ അംഗം വി ഗീത ഉത്തരവിൽ പറഞ്ഞു.
പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) ആണ് കഴിഞ്ഞ 24 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. സിയാദിനെ പൊലീസ് മർദ്ദിച്ചതായി ആരോപിക്കുന്ന ശബ്‍ദസന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കുണ്ടറ-കൊല്ലം റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന സിയാദിനെ അയൽവാസികളായ രണ്ട് കുട്ടികളെ കാണാത്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.



