പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ല… ട്വന്റി20 വിട്ട് അഖിൽ മാരാർ

കൊച്ചി: സംവിധായകനും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു. ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പാർട്ടി വിടുന്നതെന്ന് അഖിൽ മാരാർ വ്യക്തമാക്കി. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അഖിൽ മാരാർ ആരോപിച്ചു. പാർട്ടി വിട്ടതിന് പിന്നാലെ സാബു എം ജേക്കബിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു.
യുഡിഎഫ് വാഗ്ദാനം ചെയ്ത കൊട്ടാരക്കര സീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തന്റെ തീരുമാനം. ആ സമയത്താണ് സാബു എം ജേക്കബ് പിന്തുണ അറിയിച്ചതും തുടർന്ന് ട്വന്റി20യിൽ ചേർന്നതെന്നും അഖിൽ പറഞ്ഞു. തുടർന്ന് കോൺഗ്രസ് നേതാവായ ആർ. രശ്മി പാർട്ടിയിലെത്തിയതുമായി ബന്ധപ്പെട്ടും അഖിൽ സംശയം പ്രകടിപ്പിച്ചു. രശ്മി സ്വമേധയാ വന്നതാണോ, അല്ലെങ്കിൽ എത്തിച്ചതാണോ എന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നും അഖിൽ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ചെലവിനായി ഏകദേശം 20 ലക്ഷം നൽകി വാങ്ങിയിരുന്ന ബിഎംഡബ്ല്യു ബൈക്ക് വിറ്റാണ് പണം കണ്ടെത്തിയതെന്നും അഖിൽ വെളിപ്പെടുത്തി.
തിരഞ്ഞെടുപ്പിന് ശേഷം കൊല്ലം ജില്ലാ പ്രസിഡന്റായി നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും രണ്ടര മാസമായി യാതൊരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനകീയ വിഷയങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും പാർട്ടി നേതൃത്വം പ്രതികരിച്ചില്ലെന്നും അഖിൽ മാരാർ പറഞ്ഞു. അതേസമയം, അഖിൽ മാരാർ ഉന്നയിച്ച ആരോപണങ്ങളോട് ട്വന്റി20 നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.



