മൂവാറ്റുപുഴയിൽ 8 വയസുകാരനെ 21കാരി പീഡിപ്പിച്ചെന്ന പോക്സോ കേസിൽ….

മൂവാറ്റുപുഴ: എട്ടുവയസ്സുകാരനെ 21-കാരി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പോക്സോ കേസിൽ കോടതി തുടർനടപടികൾ അവസാനിപ്പിച്ചു. പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീർ പ്രതിക്കെതിരായ നടപടികൾ അവസാനിപ്പിക്കാൻ അനുമതി നൽകിയത്. പോക്സോ നിയമം നിലവിൽ വന്നശേഷം ജില്ലയിൽ ആദ്യമായാണ് കോടതിയിലെത്തിയ ഒരു കേസ് വ്യാജമാണെന്ന് പൊലീസ് റിപ്പോർട്ട് നൽകുകയും അത് കോടതി അംഗീകരിച്ച് നടപടി അവസാനിപ്പിക്കുകയും ചെയ്യുന്നത്.

2021 ഏപ്രിൽ 15 മുതൽ മേയ് 1 വരെ എട്ടുവയസ്സുകാരനെ യുവതി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 2022 സെപ്റ്റംബർ 4-നാണ് കുട്ടംപുഴ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ആൺകുട്ടിയുടെ അമ്മയുടെ ബന്ധുവിനെതിരെ യുവതി നൽകിയ പീഡനപരാതിയുടെ പ്രതികാരമായാണ് യുവതിക്കെതിരെ വ്യാജ പോക്സോ പരാതി നൽകിയതെന്ന് പൊലീസ് കണ്ടെത്തി. യുവതി നൽകിയ കേസിൽ ബന്ധപ്പെട്ട യുവാവിനെ കോടതി പിന്നീട് ശിക്ഷിക്കുകയും ചെയ്തിരുന്നു.

അന്വേഷണത്തിൽ പരാതിക്കാരിയായ അമ്മയുടെയും ഇരയെന്ന് പറയുന്ന കുട്ടിയുടെയും മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തി. പീഡനം നടന്നുവെന്ന് ആരോപിച്ച വീട്ടിൽ പരാതിക്കാർ താമസിച്ചിരുന്നില്ലെന്നും യുവതി അവിടെ എത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതിന് പുറമെ, പരാതിക്കാരിയായ അമ്മയും യുവതി പരാതി നൽകിയിരുന്ന യുവാവും തമ്മിൽ പ്രസ്തുത കാലയളവിൽ നിരന്തരം ഫോൺ ബന്ധമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. യുവതി പീഡനപരാതി നൽകിയതിന് പിന്നാലെയാണ് എട്ടുവയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതി നൽകിയതെന്നും, പ്രതികാരമാണ് വ്യാജപരാതിക്ക് പിന്നിലെന്നുമാണ് അന്വേഷണ നിഗമനം. തുടർന്ന് കേസ് റദ്ദാക്കണമെന്ന ശുപാർശയോടെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. റിപ്പോർട്ട് അംഗീകരിച്ച കോടതി കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു.

Related Articles

Back to top button