പോലീസ് വാഹനത്തിൽ മദ്യവും ചീട്ടും കണ്ടെത്തിയ സംഭവത്തിൽ നടപടി: എസ്.ഐ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഔദ്യോഗിക ജീപ്പിൽ നിന്ന് മദ്യക്കുപ്പിയും ചീട്ടും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. എസ്.ഐ എൻ.എസ്. റോയ്, സി.പി.ഒ ജിജോ ആന്റണി എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് ഉത്തരവിറക്കിയത്.

ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് തൊടുപുഴ മങ്ങാട്ടുകവലയിൽ ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചെന്ന ആരോപണമാണ് തുടരന്വേഷണത്തിലേക്ക് വഴിവെച്ചത്. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ പോലീസ് ജീപ്പ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികളും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയത്. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും നാട്ടുകാരും പോലീസും തമ്മിലുള്ള വാക്കേറ്റത്തിനും കാരണമായിരുന്നു.

വിഷയത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. തുടർന്ന് നാട്ടുകാർ നീതിതേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം ഗുരുതരമായി കണ്ട ഹൈക്കോടതി, സംസ്ഥാന പോലീസ് മേധാവിയോട് അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.

തുടർന്ന് ജില്ലാ പോലീസ് മേധാവി നടത്തിയ വിശദമായ അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും, ഇതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ നടപടി സ്വീകരിക്കുകയുമായിരുന്നു.

Related Articles

Back to top button