ക്ഷേത്രദർശനത്തിന് പോയ അമ്മയും രണ്ട് മക്കളും കാണാതായി…

കൊല്ലം: ക്ഷേത്രദർശനത്തിനായി വീട്ടിൽ നിന്ന് പോയ അമ്മയെയും രണ്ട് മക്കളെയും കാണാതായതായി പരാതി. സംഭവത്തിൽ യുവതിയുടെ ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകി. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള മകനെയും മൂന്നര വയസ്സുള്ള മകളെയുമാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മൂന്നുപേരെയും കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്.

ക്ഷേത്രദർശനത്തിന് പോകുകയാണെന്ന് പറഞ്ഞ് കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയ ഇവർ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട് ഭാഗത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായാണ് വിവരം. ഇവർ തമിഴ്നാട്ടിൽ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയാണ് കാണാതായ യുവതി. ഇവരുടെ ഭർത്താവ് വിദേശത്തായിരുന്നു. സംഭവവിവരം അറിഞ്ഞതിനെ തുടർന്ന് ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Back to top button