‘കേരള ലോട്ടറി കേരളത്തിൽ വിറ്റാൽ മതി’; വാളയാർ അതിർത്തിയിൽ..

കേരളത്തിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ വാങ്ങി തമിഴ്‌നാട്ടിലേക്ക് കടത്തുന്നത് തടയാൻ അതിർത്തിയിൽ പരിശോധന കടുപ്പിച്ച് തമിഴ്‌നാട് പോലീസ്. വാളയാറിലെ പോലീസ് ഔട്ട്പോസ്റ്റ് കേന്ദ്രീകരിച്ചാണ് മുഴുവൻ വാഹനങ്ങളിലും മിന്നൽ പരിശോധന നടക്കുന്നത്. തമിഴ്‌നാട്ടിൽ ലോട്ടറിക്ക് പൂർണ്ണ നിരോധനമുള്ളതിനാൽ ടിക്കറ്റുകൾ കൈവശം വെക്കുന്നത് കടുത്ത നിയമലംഘനമാണ്. ലോട്ടറിയുമായി പിടിക്കപ്പെട്ടാൽ പിഴയും തടവുശിക്ഷയും നേരിടേണ്ടി വരും.

വാളയാറിലുള്ള ലോട്ടറിക്കടകളിൽ എപ്പോഴും തമിഴ്‌നാട്ടുകാരുടെ തിരക്കാണ്. കോയമ്പത്തൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരും തിരുപ്പൂർ, ഈറോഡ്, സേലം ജില്ലയിലുള്ളവരും വർഷങ്ങളായി വാളയാറിലെത്തി ലോട്ടറി വാങ്ങാറുണ്ട്. ചിലർ വിൽപ്പനയ്ക്കായാണ് ലോട്ടറി കൊണ്ടുപോകുന്നത്.

ലോട്ടറി നിരോധനമുള്ള തമിഴ്നാട്ടിൽ ലോട്ടറി കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. പിടിച്ചാൽ പിഴയും തടവും ചുമത്തും. തമിഴ്‌നാട്ടിലുള്ളവർ കേരളത്തിലെത്തിയാൽ ലോട്ടറി വാങ്ങുക പതിവാണ്. തമിഴ്‌നാട്ടിലുള്ളവർക്ക് ബംബർ സമ്മാനം വരെ കിട്ടിയിട്ടുമുണ്ട്.

ലോട്ടറിക്കെതിരേ പോലീസ് നടപടിയെടുക്കാറുണ്ടെങ്കിലും വാളയാറിൽ ബസുകളിലും മറ്റും പരിശോധന ശക്തമാക്കുന്നത് പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമാണ്. വാളയാറിലുള്ള പോലീസ് ഔട്ട് പോസ്റ്റിൽ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

വാളയാർ ഭാഗത്തേക്ക് പോകുന്ന കാറുകളും മറ്റും തടഞ്ഞ് ഇലക്ടാണിക് സാധനങ്ങളും മറ്റും അനധികൃതമായി കേരളത്തിലേക്ക് കൊണ്ടുപോകുന്നുണ്ടോ എന്നതും നോക്കുന്നുണ്ട്. കേരളത്തിൽനിന്ന് വരുന്ന വാഹനങ്ങളിൽ ലോട്ടറിയുണ്ടോ എന്നാണ് നോക്കുന്നത്.

ലോട്ടറി കണ്ടെത്തിയാൽ ഉടനടി വണ്ടിയിൽ നിന്നിറക്കി പിഴ ചുമത്തും. വൻതോതിൽ ലോട്ടറി വാങ്ങി വരുന്നവർക്കെതിരേ കേസും എടുക്കുന്നുണ്ട്. വ്യാഴാഴ്ച കോയമ്പത്തൂരിലേക്ക് വന്ന ഒരു തമിഴ്‌നാട് ബസിൽനിന്ന് നാലുപേരെയാണ് ലോട്ടറിയുമായി പിടിച്ചത്.

Back to top button