പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി…

കോട്ടയം: പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി. അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് ഭരണസമിതി വീണത്. വിപ്പ് ലംഘിച്ചെത്തിയ കോൺഗ്രസ് കൗൺസിലർമാർക്ക് പുറമെ, വിമതയായി വിജയിച്ച മായാ രാഹുലും എൽ.ഡി.എഫിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു.
നഗരസഭയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്ന സാഹചര്യത്തിൽ സ്വതന്ത്രസ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ച ബിനു പുളിക്കകണ്ടം, മകൾ ദിയാ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കകണ്ടം എന്നിവർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ടേമിൽ ദിയയ്ക്ക് ചെയർപേഴ്‌സൺ സ്ഥാനം നൽകിയത്. അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ ജനാധിപത്യ വിധിയെ പൂർണ്ണ ബഹുമാനത്തോടെ സ്വീകരിക്കുന്നതായി ദിയ പ്രതികരിച്ചു. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും സ്വാതന്ത്ര്യമുണ്ടെന്നും അവിശ്വാസ പ്രമേയവും അതിന്റെ അംഗീകൃത സംവിധാനമാണെന്നും ദിയ വ്യക്തമാക്കി.
“എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാരുകളുടെ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒന്നുമില്ലായിരുന്നു. വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്ക് സാധിച്ചിട്ടില്ല. അതിൽ എനിക്ക് വലിയ ആത്മവിശ്വാസവും അഭിമാനവുമുണ്ട്,” ദിയ പ്രസ്താവനയിൽ പറഞ്ഞു. പദവികൾ വരികയും പോവുകയും ചെയ്യുമെന്നും എന്നാൽ സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണെന്നും ആ മൂല്യങ്ങളോടെ തുടർന്നും പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്നും ദിയ വ്യക്തമാക്കി. പാലായിലെ ജനങ്ങൾ തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അവർ ഹൃദയം നിറഞ്ഞ നന്ദിയും രേഖപ്പെടുത്തി.



