മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം: 34-കാരൻ അറസ്റ്റിൽ

അസം മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ഇമെയിൽ വിലാസമുണ്ടാക്കി ജനങ്ങൾക്ക് വ്യാജ സന്ദേശങ്ങൾ അയച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാംരൂപ് ജില്ലയിൽ താമസിക്കുന്ന 34-കാരനെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. cmassamgov.in@gmail.com എന്ന വ്യാജ വിലാസമുപയോഗിച്ചാണ് ഇയാൾ ഇമെയിലുകൾ അയച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ സന്ദേശങ്ങൾ. ജൂലൈ 16-ന് വ്യാജ സന്ദേശങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതി വ്യാജ സന്ദേശങ്ങൾ അയച്ചതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്താണെന്നും, ഇതുപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ ശ്രമിച്ചിട്ടുണ്ടോ എന്നും പൊലീസ് സൂക്ഷ്മമായി അന്വേഷിച്ചുവരികയാണ്.
വ്യാജ പ്രചാരണങ്ങളിലും തട്ടിപ്പ് സന്ദേശങ്ങളിലും വീഴരുതെന്നും, സംശയാസ്പദമായ രീതിയിൽ സന്ദേശങ്ങളോ ഇമെയിലുകളോ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ സൈബർ പൊലീസിനെയോ വിവരമറിയിക്കണമെന്നും പൊതുജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു.



