യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സിപിഐഎം പഞ്ചായത്തംഗം രാജി വെച്ചു

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പഞ്ചായത്തംഗം ഒടുവിൽ സ്ഥാനം രാജിവെച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി (സ്റ്റാൻഡിങ് കമ്മിറ്റി) ചെയർമാനുമായ സി. സുജിത്താണ് മെമ്പർ സ്ഥാനം രാജിവെച്ചത്. സിപിഐഎം പ്രതിനിധിയായി ജയിച്ച സുജിത്തിനെതിരെ കേസ് ഉയർന്നതിനെ തുടർന്ന് പാർട്ടി നേരത്തെ നടപടിയെടുത്തിരുന്നു.

ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ശ്രീകൃഷ്ണപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് സുജിത്തിനെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനായി സുജിത്ത് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. പഞ്ചായത്തിലെ 13-ാം വാർഡായ രാഗം കോർണറിനെയാണ് സുജിത്ത് പ്രതിനിധീകരിച്ചിരുന്നത്. യുവതിയുടെ പരാതി പുറത്തുവന്നതിന് തൊട്ടുപിന്നാലെ സിപിഐഎം ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി ഇയാളെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

പാർട്ടി നടപടിക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സുജിത്തിന്റെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മെമ്പർ സ്ഥാനവും വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനവും സുജിത്ത് ഒഴിഞ്ഞത്. സുജിത്തിന്റെ രാജി കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button