‘തിങ്കളാഴ്ച അവധി നൽകണം’…. വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി നൽകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിങ്കളാഴ്ച അവധി നൽകിയ ശേഷം അതിന് പകരമായി മറ്റൊരു ദിവസം പ്രവൃത്തിദിനമാക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നിലവിലെ വിദ്യാഭ്യാസ മന്ത്രിയോടാണ് മുൻ മന്ത്രി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഫൈനൽ ആവേശം കണക്കിലെടുത്ത് സംസ്ഥാനത്ത് അവധി നൽകണമെന്ന വാദം ഇതോടെ ശക്തമായിരിക്കുകയാണ്.

സംസ്ഥാനത്ത് ഇതുവരെ രണ്ട് പ്രമുഖ സ്കൂളുകൾ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച തങ്ങളുടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂൾ, മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ എന്നിവടങ്ങളിലാണ് മാനേജ്മെൻ്റ് തിങ്കളാഴ്ച അവധി നൽകാൻ തീരുമാനിച്ചത്. അർധരാത്രി കഴിഞ്ഞ് പുലർച്ചെ 12.30-നാണ് ഫൈനൽ മത്സരം ആരംഭിക്കുന്നത്. കൃത്യമായ സമയത്ത് അവസാനിച്ചാൽ തന്നെ പുലർച്ചെ 2.30 ആകും. സമ്മാനദാന ചടങ്ങുകൾ കൂടി കഴിയുമ്പോൾ നേരം മൂന്ന് മണിയാകും. ഇനി മത്സരം എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങിയാൽ വിജയികളെ തീരുമാനിക്കുമ്പോൾ പുലർച്ചെയാകും.

ഈ സാഹചര്യത്തിൽ കുട്ടികൾ ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം പിറ്റേന്ന് ക്ലാസ്സിൽ വന്നിരുന്ന് ഉറക്കം തൂങ്ങാതിരിക്കാനും, അടുത്ത ദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് സ്കൂൾ അധികൃതർ അവധി നൽകിയത്. സ്കൂളുകൾക്ക് പൊതുവായി അവധി നൽകണമെന്നാവശ്യപ്പെട്ട് നിരവധി ഫോൺ വിളികൾ തനിക്ക് വരുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. എന്നാൽ അക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. അവധി പ്രഖ്യാപിച്ചാൽ അധ്യായന ദിവസങ്ങൾ കുറയുന്നത് പ്രതിസന്ധി ഉണ്ടാക്കുമെന്നും, അതിന് പകരം ദിവസം കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഈ വിഷയത്തിൽ പെട്ടെന്ന് ഒരു തീരുമാനം പറയാനാവില്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button