സ്വകാര്യ റിസോർട്ടിൽ അതിക്രമിച്ചു കയറി…. ജനറേറ്റർ തകർത്ത് ഉപകരണങ്ങൾ കടത്തി…. യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: നെല്ലിക്കുന്ന് സ്വകാര്യ റിസോർട്ടിലെ ജനറേറ്ററിന്‍റെ സ്‌റ്റാർട്ടർ കോയിലുകളും കോപ്പർ കേബിളുകളും മോഷ്‌ടിച്ച രണ്ടംഗ സംഘത്തെ വിഴിഞ്ഞം പൊലീസ് അറസ്റ്റ‌് ചെയ്‌തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിഴിഞ്ഞം മുല്ലൂർ സ്വദേശികളായ വിഷ്ണു(28), സുരേഷ്(40) എന്നിവരാണ് അറസ്‌റ്റിലായത്. റിസോർട്ട് ഉടമയുടെ പരാതിയിലാണ് നടപടി. ഇന്നലെ രാത്രി 11:15 ഓടെയാണ് മോഷണം നടന്നത്.റിസോർട്ട് വളപ്പിലെ ജനറേറ്റർ റൂമിന്‍റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് അവിടെ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നും സ്റ്റാർട്ടർ മോട്ടോർ അഴിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവസ്ഥലം സന്ദർശിച്ച പൊലീസ് വിശദമായി നടത്തിയ പരിശോധനയിലാണ് മോഷണ വസ്‌തുക്കൾ വിൽപന നടത്താനുള്ള ശ്രമത്തിനിടെ പ്രതികൾ പിടിയിലാകുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.



