നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു…. യോഗ്യത നേടിയത് 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ…

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവർ 715 മാർക്ക് നേടി ടോപ് സ്കോറർമാരായി. യോഗ്യത നേടിയതിൽ 58 ശതമാനവും പെൺകുട്ടികൾ ആണ്. രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5,454 ലേറെ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. കേന്ദ്രസേനയുടെയും പൊലീസ് സേനയുടെയും സുരക്ഷാവലയത്തിലായിരുന്നു പരീക്ഷ.
കേന്ദ്രങ്ങൾക്ക് ചുറ്റും മറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിരുന്നു. പരീക്ഷ തുടങ്ങിയതിന് പിന്നാലെ ജാമറുകൾ ആക്ടിവേറ്റായി. പതിനായിരത്തിലേറെ ഭിന്നശേഷി വിദ്യാർത്ഥികൾക്കും പ്രത്യേക സൗകര്യം ഒരുക്കി, പരീക്ഷ കേന്ദ്രങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ തത്സമയം എൻടിഎ സംഘം നീരീക്ഷിച്ചു. എൻടിഎ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ എത്തിയ വിദ്യാഭ്യാസമന്ത്രി നേരിട്ട് പരീക്ഷ വിലയിരുത്തുകയും ചെയ്തിരുന്നു.



