കരളിന് ഒരു ലക്ഷം, വൃക്കയ്ക്ക്… അവയവക്കച്ചവടക്കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്…

കൊച്ചി: വ്യാജരേഖകൾ ചമച്ചുള്ള അവയവക്കച്ചവടക്കേസിൽ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ലേക്ഷോറിനെ പ്രതിക്കൂട്ടിലാക്കുന്ന നിർണായക തെളിവുകൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ നജീബും ലേക്ഷോർ ആശുപത്രി അധികൃതരും തമ്മിലുണ്ടാക്കിയ കമ്മീഷൻ കരാർ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊച്ചി ലേക്ഷോർ ആശുപത്രിയും നജീബിന്റെ ഉടമസ്ഥതയിലുള്ള ‘കല്ലട്രാസ് മെഡിക്കൽ ടൂറിസ’വും തമ്മിൽ ഒപ്പുവെച്ച പേഷ്യന്റ് ഫെസിലിറ്റേറ്റർ കരാറാണ് പുറത്തായത്.
ആശുപത്രിയിലെ വിവിധ ചികിത്സാ സേവനങ്ങൾ വിദേശത്തുനിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള രോഗികളിലേക്ക് എത്തിക്കുന്ന ഏജന്റായാണ് കല്ലട്രാസ് പ്രവർത്തിച്ചതെന്നാണ് കരാറിൽ പറയുന്നത്. എന്നാൽ ഇതിന്റെ മറവിൽ വൻതോതിൽ അവയവക്കച്ചവടത്തിനായുള്ള കമ്മീഷൻ ഇടപാടുകളാണ് നടന്നതെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. കരാറിലെ വ്യവസ്ഥകൾ പ്രകാരം കല്ലട്രാസ് മെഡിക്കൽ ടൂറിസം വഴി ഒരു രോഗിയെ കരൾ മാറ്റിവെക്കൽ ചികിത്സയ്ക്കായി എത്തിച്ചാൽ രോഗി ഒന്നിന് ഒരു ലക്ഷം രൂപ വീതം ഏജന്റിന് കമ്മീഷൻ നൽകുമെന്ന് ആശുപത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്കായി രോഗിയെ എത്തിച്ചാൽ 50,000 രൂപയാണ് ഏജന്റിന് ലഭിക്കുക.
ഇവയ്ക്ക് പുറമെ മറ്റ് കിടത്തിച്ചികിത്സകൾക്കായി എത്തിക്കുന്ന രോഗികളുടെ ആകെ ചികിത്സാ ബില്ലിന്റെ 10 ശതമാനം തുക കമ്മീഷനായി നൽകുമെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 10-നാണ് ഇരുവിഭാഗവും തമ്മിൽ ഈ വിവാദ കരാറിൽ ഒപ്പുവെച്ചത്. അവയവക്കച്ചവടക്കേസിൽ അന്വേഷണം നേരിടുന്ന ആശുപത്രിക്ക് വരും ദിവസങ്ങളിൽ ഈ കരാർ രേഖകൾ വലിയ നിയമപ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



