3 കോടി തന്നാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം….

കല്പറ്റ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളെ വിളിച്ച് കോടികളുടെ തട്ടിപ്പ് നടത്താൻ ശ്രമം. വയനാട് എം.പി.യുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയാണ് നേതാക്കൾക്ക് ഫോൺ സന്ദേശങ്ങൾ എത്തിയത്. സംഭവത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എലത്തൂർ എം.എ.ൽ.എ വിദ്യാ ബാലകൃഷ്ണന് പുറമെ എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ഇത്തരത്തിൽ തട്ടിപ്പ് ഫോൺകോളുകൾ ലഭിച്ചതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. പ്രിയങ്കാ ഗാന്ധിയുടെ സെക്രട്ടറി രാജ്കുമാർ ആണെന്ന് പരിചയപ്പെടുത്തിയാണ് വിദ്യയെ മറ്റൊരു നമ്പറിൽ നിന്ന് ഒരാൾ വിളിച്ചത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. ഡൽഹിയിൽ നിന്നുള്ള നമ്പറിൽ നിന്നായിരുന്നു കോൾ വന്നത്. ജില്ലയിലെ ഒരു പ്രമുഖ എം.പി.യാണ് വിദ്യയുടെ ഫോൺ നമ്പർ തന്നതെന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. പൂർണ്ണമായും ഇംഗ്ലീഷിലായിരുന്നു സംസാരം.

എന്നാൽ സംഭാഷണം നീണ്ടതോടെ വിളിച്ചയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിദ്യ ബുദ്ധിപൂർവ്വം പണം തരാമെന്ന് വാഗ്ദാനം ചെയ്ത് ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന്, തനിക്ക് ഫോൺ നമ്പർ നൽകിയെന്ന് തട്ടിപ്പുകാരൻ അവകാശപ്പെട്ട എം.പി.യെ വിദ്യ നേരിട്ട് വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. എ.ഐ.സി.സി. ആസ്ഥാനത്തുനിന്നാണെന്നു പറഞ്ഞ് ഒരാൾ തന്നെ വിളിച്ചിരുന്നെന്നും, ജില്ലയിലെ രണ്ട് നേതാക്കളുടെ ഫോൺ നമ്പർ വാങ്ങിയിരുന്നെന്നും അദ്ദേഹം സ്ഥിരീകരിച്ചു. വലിയൊരു തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ സെല്ലും സംഭവത്തിൽ സമാന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി ഫോൺ കോളുകൾ വന്ന നമ്പറുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Back to top button