കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി….

കൊച്ചി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക നടപടി. കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വഖഫ് ബോർഡിന്റെ എല്ലാവിധ നടപടികളും നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടു. ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താൽക്കാലിക ചുമതലയും കോടതി കൈമാറിയിട്ടുണ്ട്.
നിലവിലെ കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം വഖഫ് നിയമത്തിലെ ചട്ടം 40 പ്രകാരമല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഈ അടിയന്തര നടപടി. ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു കോടതിക്ക് മുന്നിൽ ഹർജികൾ എത്തിയത്. മുൻ സർക്കാർ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘ആക്ട്സ്’ നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് കോടതിയെ സമീപിച്ചത്. 2025-ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ നിർബന്ധമായും രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്.
എന്നാൽ ഈ ചട്ടം പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ബോർഡ് രൂപീകരിച്ചതെന്നും അതിനാൽ നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 2026-ൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഒൻപത് അംഗങ്ങളെയാണ് സർക്കാർ നിശ്ചയിച്ചത്. ഇതിൽ എല്ലാവരും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് കേന്ദ്ര നിയമഭേദഗതിയുടെ നഗ്നമായ ലംഘനമാണെന്നുമാണ് ഷോൺ ജോർജിന്റെ വാദം. കേസ് വരും ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്ന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും കോടതി തുടർനടപടികളിലേക്ക് കടക്കുക.



