ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി മാഫിയയെ പൂട്ടാൻ ‘ദളപതി’യും ‘ലാലേട്ടനും’…..

കൊച്ചി: കേരള ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടി’ന് തമിഴ്‌നാട് സർക്കാരിന്റെ പൂർണ്ണ പിന്തുണ. പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊച്ചിയിലെത്തും. കൊച്ചിയിൽ നടക്കുന്ന ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ നടൻ മോഹൻലാലിനൊപ്പം വിജയും പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി ചെന്നൈയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരള-തമിഴ്‌നാട് അതിർത്തികൾ പൂർണ്ണമായും പോലീസ് നിരീക്ഷണത്തിൽ കൊണ്ടുവരുമെന്നും ലഹരിക്കടത്ത് തടയുന്നതിനായുള്ള നിർണായക വിവരങ്ങൾ ഇരു സംസ്ഥാനങ്ങളും പരസ്പരം കൈമാറുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം ദക്ഷിണേന്ത്യയെ ലഹരിമുക്തമാക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നിരുന്നു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ് മേധാവികളും കേരള-ലക്ഷദ്വീപ് കസ്റ്റംസ്, എൻസിബി, ഡിആർഐ, എസ്ഐബി, ആർപിഎഫ് തുടങ്ങിയ പ്രമുഖ കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.

യോഗ തീരുമാനപ്രകാരം ‘ഓപ്പറേഷൻ തൂഫാൻ’ വിജയകരമാക്കാൻ ഓരോ സംസ്ഥാനങ്ങളിലും അടിയന്തരമായി ഓരോ എസ്.പിമാരെ നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന് മുഴുവൻ മാതൃകയാകുന്ന വലിയൊരു ആഭ്യന്തര സുരക്ഷാ ഏകോപനത്തിനാണ് തെന്നിന്ത്യൻ സംസ്ഥാനങ്ങൾ ഇതിലൂടെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംയുക്ത മുന്നേറ്റത്തിനുള്ള കേരളത്തിന്റെ അഭ്യർത്ഥനയോട് അനുകൂലമായി പ്രതികരിക്കുകയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്ത എല്ലാ തെന്നിന്ത്യൻ മുഖ്യമന്ത്രിമാർക്കും ആഭ്യന്തരമന്ത്രി നന്ദി അറിയിച്ചു.

Related Articles

Back to top button