കഴുത്തിൽ കാലുകൊണ്ട് ലോക്കിട്ട് ശ്വാസം മുട്ടിച്ചു… പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്… ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നഗരൂര്‍ കൊടുവഴന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ വൈകീട്ടായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഒരു പ്ലസ് ടു വിദ്യാര്‍ഥി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കാല് കൊണ്ട് ലോക്ക് ഇട്ട് മുറുക്കുന്നതും, ശ്വാസം മുട്ടി കുട്ടി പിടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്ലസ് വണ്‍ അഡ്മിഷന്‍ കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ മാത്രമാണ് പിന്നിടുന്നത്. ഇതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു വാട്‌സ് ആപ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇതിനെ ചൊല്ലി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുമായി നിരന്തരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ വൈകീട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇങ്ങനെ കൊണ്ടുപോകുന്നത് മുതലുള്ള ദൃശ്യങ്ങള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു ഫോണില്‍ പകര്‍ത്തിയത്.
ഇതിന് ശേഷമാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. ആദ്യം വാക്കുതര്‍ക്കവും പിടിവലിയുമുണ്ടായതിന് പിന്നാലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി കാല് കൊണ്ട് പ്ലസ് വൺ വിദ്യാർത്ഥിയുടെ കഴുത്തില്‍ ലോക്ക് ഇടുകയായിരുന്നു. ശ്വാസം കിട്ടാതെ കുട്ടി പിടയുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി പിടിച്ചുമാറ്റാന്‍ ശ്രമിച്ചതുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. ആക്രമണത്തിൽ കുട്ടിയുടെ കഴുത്തിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്.
ആക്രമണം നടത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ ആക്രമിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെ കൈയ്യില്‍ എത്തിയതോടെയാണ് സംഭവത്തിന്റെ വ്യാപ്തി പുറത്തുവരുന്നത്.
ഇന്നലെ രാത്രി തന്നെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ നഗരൂര്‍ പോലീസിന് പരാതി നല്‍കി. പരാതി സ്വീകരിച്ച പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുട്ടികൾ തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായത് അറിഞ്ഞിരുന്നുവെന്നും അടുത്ത പിടിഎ മീറ്റിംഗിൽ ഈ വിഷയം പരിഗണിക്കാനിരിക്കുകയാണെന്നും മാത്രമായിരുന്നു സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതർ നൽകിയ വിശദീകരണം.



