യൂട്യൂബർ രാജൻ ജോസഫിനെ മർദ്ദിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ…..

പത്തനംതിട്ട: യൂട്യൂബര്‍ രാജന്‍ ജോസഫിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടാതെ അടൂര്‍ പോലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം. ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമാണ് രാജൻ ജോസഫിനെ മർദ്ദിക്കാൻ ശ്രമിച്ചത്. പോലീസ് ജീപ്പിനുളളില്‍ നിന്ന് രാജന്‍ ജോസഫിനെ ബലമായി പിടിച്ചിറക്കി മര്‍ദ്ദിക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെ പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് മര്‍ദ്ദിക്കാന്‍ ശ്രമമുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമടങ്ങുന്ന മുപ്പതോളം പേർ പോലീസ് ജീപ്പ് വളഞ്ഞായിരുന്നു മർദ്ദനത്തിന് മുതിർന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണ ശ്രമത്തിൽ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ അടൂര്‍ പോലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ഞായറാഴ്ച രാവിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. രാജന്‍ ജോസഫിനെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ തന്നെ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജന്‍ ജോസഫിനെതിരെ പരാതി നല്‍കിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും അടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് എറണാകുളത്ത് നിന്ന് അടൂര്‍ പോലീസ് രാജന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നതായിരുന്നു കേസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന്‍ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്. അതേസമയം, കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button