കെ കെ രാഗേഷിനെതിരെ തുടർച്ചയായി വരുന്നത് വ്യാജ വാർത്തകളെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

കെ കെ രാഗേഷിനെതിരെ വരുന്നത് വ്യാജ വാർത്തകളെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തത് ഐകകണ്ഠേനയാണ്. കെ കെ രാഗേഷിനെ സെക്രട്ടറിയാക്കിയതിന് എതിരെ നേതൃത്വത്തിന് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ പരാതി നൽകിയെന്ന റിപ്പോർട്ട് ശരിയല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങൾ തുടർച്ചയായി നിർമ്മിത കഥകൾ ചമയ്ക്കുകയാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നത്.
ജില്ലാ സെക്രട്ടറിയെ ‘നിയമിച്ചതിനെതിരെ’ ദേശീയ നേതൃത്വത്തിന് ജില്ലയിലെ ചില നേതാക്കൾ പരാതി നൽകി എന്നാണ് പുതിയ വ്യാജ നിർമിതി. ആരാണ് പരാതി അയച്ചത്, ആർക്കാണയച്ചത് എന്നൊന്നും അതിൽ വെളിപ്പെടുത്തിയിട്ടില്ല. ഏതോ കേന്ദ്രത്തിൽ നിന്നും ബോധപൂർവ്വം ഇത്തരം വാർത്തകൾ ഉത്പാദിപ്പിക്കുകയാണ്. സിപിഎമ്മിൽ ജില്ലാ സെക്രട്ടറിയെ നിയമിക്കലല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കണ്ണൂരിൽ ഏകകണ്ഠമായാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്ത്. എന്നിട്ടും സിപിഎം സംഘടനാ രീതിയെ അപഹസിക്കുന്ന നിലയിൽ വാർത്തകളുണ്ടാക്കുന്നത് ബോധപൂർവമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായി കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കി എന്ന പരാതി, ജില്ലയിലെ ഒരു പക്ഷം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നൽകി എന്നായിരുന്നു റിപ്പോർട്ട്. കണ്ണൂർ ജില്ലാ കമ്മറ്റിയിൽ അംഗമല്ലാതിരുന്ന രാഗേഷിനെ സെക്രട്ടറിയാക്കിയത് ചട്ട വിരുദ്ധമെന്നാണ് പരാതി. മുതിർന്ന സംസ്ഥാന കമ്മറ്റി അംഗം എന്ന നിലയ്ക്കാണ് രാഗേഷിനെ നിയമിച്ചത് എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാഗേഷിനെതിരെ ജില്ലയിലെ ഒരു വിഭാഗം തിരിഞ്ഞത്. രാഗേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റിനു താഴെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ധനരാജിനെ അനുസ്മരിച്ച് പങ്കുവെച്ച കുറിപ്പിന് താഴെയുൾപ്പെടെ അമർഷം പ്രകടമായി. എന്നാൽ പാർട്ടി പ്രവർത്തകർ എന്ന വ്യാജേന ഉണ്ടാക്കിയ പ്രൊഫൈലുകളിലൂടെയും അല്ലാതെയും പാർട്ടി ശത്രുക്കൾ നടത്തിയ സൈബർ ബുള്ളിയിങ്ങിനെയാണ് ‘ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി പ്രവർത്തകർ’ എന്ന നിലയിൽ അവതരിപ്പിക്കുന്നത് എന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൻറെ പ്രസ്താവനയിൽ പറയുന്നത്



