നടൻ ആര്യയ്ക്കും നിർമാതാവിനുമെതിരെ കേസ്

മലയാള ചിത്രം ‘അനന്തൻകാട്’ ന്റെ ചിത്രീകരണത്തിനായി വാടകയ്ക്ക് എടുത്ത ക്യാമറ ഉപകരണങ്ങളുടെ പണം പൂർണമായി നൽകിയില്ലെന്ന പരാതിയിൽ നടൻ ആര്യയ്ക്കും ചിത്രത്തിന്റെ നിർമാതാവ് എസ്. വിനോദ് കുമാറിനുമെതിരെ ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ സ്ഥാപനത്തിന്റെ അക്കൗണ്ടന്റാണ് പരാതി നൽകിയത്. 2025 ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ നിർമാണസംഘവും സ്ഥാപനവും തമ്മിൽ ക്യാമറ ഉപകരണങ്ങൾ വാടകയ്ക്കെടുക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചത്.
കരാർ പ്രകാരം ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്ക് അത്യാധുനിക ക്യാമറ ഉപകരണങ്ങൾ യാത്രാചെലവ് വഹിച്ച് എത്തിച്ചെങ്കിലും, വാടക തുക പൂർണമായി ലഭിച്ചില്ലെന്നാണ് പരാതി. ആകെ 2.12 കോടി രൂപയുടെ കരാറിൽ 1.80 കോടി രൂപ ഇപ്പോഴും കുടിശികയായി തുടരുന്നതായും പരാതിയിൽ പറയുന്നു.
കുടിശിക ഉടൻ തീർപ്പാക്കാമെന്ന് നിർമാണ പ്രതിനിധികളും നടൻ ആര്യയും ഉറപ്പ് നൽകിയിരുന്നുവെന്നും, പിന്നീട് പണം ആവശ്യപ്പെട്ടപ്പോൾ സിനിമയുടെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ജൂബിലി ഹിൽസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുരളി ഗോപി രചന നിർവഹിച്ച ‘അനന്തൻകാട്’ കഴിഞ്ഞ 25-നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്.




