കേരളത്തിൽ അടിയന്തര തിരുത്തൽ വേണം…സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം…

കേരളത്തിലെ സിപിഎമ്മിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ അടിയന്തരമായ തിരുത്തലുകൾ വരുത്തണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം. നിലവിലെ സംഘടനാ ശൈലിയുമായി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും ഡൽഹിയിൽ ചേരുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു. മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സ്വീകരിച്ച തിരുത്തൽ നടപടികളോ ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനങ്ങളോ ഫലം കണ്ടില്ലെന്ന് കേന്ദ്ര നേതൃത്വം യോഗത്തിൽ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെയും സീറ്റ് കുറവിനെയും ശരിയായ രീതിയിൽ ഗൗരവത്തിലെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നത്. അതിൽ നിന്ന് പാഠം ഉൾക്കൊള്ളാതിരുന്നതാണ് തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ വലിയ പരാജയം നേരിടാൻ കാരണമായതെന്ന് വിലയിരുത്തപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ കൃത്യമായി പരിഹരിച്ചിരുന്നെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തരം ഒരു തകർച്ച ഉണ്ടാകുമായിരുന്നില്ലെന്ന് ചില അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.



