കുടുംബശ്രീയുടെ ‘ജീവൻ ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ… വായ്പാ ബാധ്യതകളിൽ നിന്നും….

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവന് ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്നു കൊണ്ടാണ് കുടുംബശ്രീ ഈ സുപ്രധാന സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. വെറും ഇരുനൂറ് രൂപയാണ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എന്റോള്‍മെന്റ് ക്യാമ്പയിന് വഴിയാണ് ഇത്രയധികം പേരെ പദ്ധതിയുടെ ഭാഗമാക്കിയത്.
ഈ പോളിസിയുടെ കാലാവധി 2027 മാര്‍ച്ച് 31 വരെയാണ്. 18 മുതല്‍ 74 വയസ് വരെ പ്രായമുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഈ പദ്ധതിയില്‍ പങ്കാളികളാകാം. അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. 18 നും 50 നും ഇടയില്‍ പ്രായമുള്ള അംഗങ്ങളുടെ അവകാശിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. 51-60 വയസ് വരെയുള്ളവർക്ക് 80,000 രൂപയും, 61-70 വരെ 30,000 രൂപയും, 71-74 വരെ 25,000 രൂപയുമാണ് ലഭിക്കുക. മേൽപ്പറഞ്ഞ തുകയ്ക്ക് പുറമേ, 18-50 വയസു വരെയുള്ളവര്‍ക്ക് 1,20,000 രൂപയും, 51-60 വയസുവരെ ഒരു ലക്ഷം രൂപയും, 61-74 വരെ 60,000 രൂപയും അധിക അപകട ആനുകൂല്യമായി അവകാശിക്ക് ലഭിക്കും.
അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഏതെങ്കിലും ഒരംഗത്തിന് മരണം സംഭവിച്ചാല്‍, ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം മുമ്പുണ്ടായിരുന്നു. എന്നാല്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതി വഴി ആ പ്രതിസന്ധി ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. മരണമടഞ്ഞ അംഗത്തിന്റെ പേരില്‍ ഉണ്ടായിരുന്ന വായ്പാ തുക ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും നേരിട്ട് അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും. ഇതിനുശേഷമുള്ള ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്ക് കൈമാറുകയും ചെയ്യും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച ഈ പദ്ധതി വഴി നാളിതുവരെ 37 കോടി രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.



