പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ പരാതിപ്രവാഹം….ആദ്യ ദിനം എസ്ഐടിക്ക് ലഭിച്ചത്…

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ എസ്ഐടിയ്ക്ക് പരാതി പ്രവാഹം. ആദ്യ ദിവസം പത്തിലേറെ പരാതികളാണ് ലഭിച്ചത്. കെഎഎസ് പരീക്ഷയിലും ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലും ഉള്‍പ്പെടെ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പിഎസ്സിയിലെ രേഖകളും പരിശോധിക്കും. പിഎസ്സി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം പ്രാഥമിക റിപ്പോര്‍ട്ട് ജൂലൈ 25-ന് ഡിജിപിയ്ക്ക് കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.
പിഎസ്സി ക്രമക്കേട് അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിലെ അംഗസംഖ്യ എട്ടായി ഉയര്‍ത്തി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഡിജിപി എച്ച് വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല. ഒരു എസ്പിയും ഡിവൈഎസ്പിയും ഇന്‍സ്പെക്ടറും അന്വേഷണസംഘത്തിലുണ്ട്. പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷ, ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കെഎഎസ് എന്നിങ്ങനെ ആദ്യം അന്വേഷിക്കേണ്ട പരീക്ഷകളുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഓരോ ദിവസവും ആരോപണങ്ങള്‍ ഉയരുന്നത് കണക്കിലെടുത്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം തുടര്‍നടപടി എന്ന നിലപാടാണ് അന്വേഷണസംഘത്തിനുളളത്. പിഎസ്സിക്കെതിരെ പ്രതിദിനം പരാതികളുയരുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.



