ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകൾ മാറ്റാൻ മെറ്റയോട് ആവശ്യപ്പെട്ട്….

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളെ അടിമകളാക്കുന്ന ‘അഡിക്റ്റീവ് ഡിസൈനുകൾ’ അടിയന്തരമായി ഒഴിവാക്കാൻ മെറ്റ കമ്പനിയോട് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്താൻ തയ്യാറായില്ലെങ്കിൽ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം വരെ വരുന്ന വൻ തുക പിഴയായി ഒടുക്കേണ്ടി വരുമെന്ന് അധികൃതർ കടുത്ത മുന്നറിയിപ്പ് നൽകി. 2022-ലെ ഡിജിറ്റൽ സർവീസസ് ആക്ട് മെറ്റ ലംഘിച്ചതായി യൂറോപ്യൻ യൂണിയൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആപ്പുകളിലെ ഇൻഫിനിറ്റ് സ്ക്രോൾ, വീഡിയോകൾ തനിയെ പ്ലേ ആകുന്നത്, വ്യക്തിഗതമായ ശുപാർശകൾ തുടങ്ങിയ ഫീച്ചറുകൾ ഉപയോക്താക്കളെ ഒരു ‘ഓട്ടോപൈലറ്റ് മോഡിലേക്ക്’ നയിക്കുന്നുവെന്നാണ് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നത്. ഇത് ആളുകളെ അമിതമായ ഉപയോഗത്തിന് പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികളെയാണ് ഇത് കൂടുതൽ ദോഷകരമായി ബാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും റീൽസ്, സ്റ്റോറീസ് തുടങ്ങിയ ഫീച്ചറുകൾ ഇത്തരം അനാരോഗ്യകരമായ ശീലങ്ങൾക്കും നിർബന്ധിതമായ ഉപയോഗത്തിനും കാരണമാകുന്നുണ്ടെന്നും ഇ യു ചൂണ്ടിക്കാണിക്കുന്നു. ഉപയോക്താക്കളെ ആപ്പിൽ തന്നെ കെട്ടിയിടുന്ന ഇൻഫിനിറ്റ് സ്ക്രോളും വീഡിയോകളുടെ ഓട്ടോമാറ്റിക് പ്ലേയിംഗും പൂർണ്ണമായി നീക്കം ചെയ്യണമെന്നാണ് യൂറോപ്യൻ യൂണിയന്റെ പ്രധാന ആവശ്യം. ഇതിനുപകരം പുതിയതായി “സ്ക്രീൻ ടൈം ബ്രേക്കുകൾ” ഉൾപ്പെടുത്തണമെന്നും, അൽഗോരിതങ്ങൾ അമിതമായ എൻഗേജ്മെന്റ് മാത്രം ലക്ഷ്യം വെക്കാത്ത രീതിയിൽ പുനഃക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
എന്നാൽ യൂറോപ്യൻ യൂണിയന്റെ ഈ കണ്ടെത്തലുകളോട് മെറ്റ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. കൗമാരക്കാരെ സംരക്ഷിക്കുന്നതിനായി തങ്ങൾ ഇതിനകം തന്നെ സുപ്രധാന നടപടികൾ എടുത്തിട്ടുണ്ടെന്ന് മെറ്റ വക്താവ് ബെൻ വാൾട്ടേഴ്സ് പ്രതികരിച്ചു. ഇൻസ്റ്റാഗ്രാമിൽ രാത്രികാലങ്ങളിൽ പ്രവേശിക്കുന്നത് തടയാനും ദിവസേനയുള്ള സ്ക്രീൻ സമയം പരിമിതപ്പെടുത്താനും മാതാപിതാക്കളെ സഹായിക്കുന്ന ‘ടീൻ അക്കൗണ്ടുകൾ’ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മെറ്റയുടെ ഇത്തരം സമയ നിയന്ത്രണ സംവിധാനങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്നവയാണെന്നും, സാങ്കേതിക പരിജ്ഞാനമുള്ള രക്ഷിതാക്കൾക്ക് മാത്രമേ പാരന്റൽ കൺട്രോൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയൂ എന്നും യൂറോപ്യൻ യൂണിയൻ അധികൃതർ തിരിച്ചടിച്ചു.
യൂറോപ്യൻ പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് യൂറോപ്യൻ കമ്മീഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹെന്ന വിർക്കുനെൻ വ്യക്തമാക്കി. സമാനമായ ഡിസൈൻ തന്ത്രങ്ങൾ ഉപയോഗിച്ചതിന് ഫെബ്രുവരിയിൽ ടിക് ടോക്കിന് എതിരെയും യൂറോപ്യൻ യൂണിയൻ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സോഷ്യൽ മീഡിയ ആപ്പുകളുടെ അഡിക്റ്റീവ് സ്വഭാവം മുൻനിർത്തി, ഓസ്ട്രേലിയയുടെ മാതൃകയിൽ കുട്ടികൾക്ക് ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണമായി വിലക്ക് ഏർപ്പെടുത്തുന്ന കാര്യവും നിലവിൽ യൂറോപ്യൻ കമ്മീഷന്റെ ആലോചനയിലുണ്ട്. നിലവിലെ കണ്ടെത്തലുകൾ പ്രാഥമികം മാത്രമാണെന്നും, അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് മുൻപായി മെറ്റയ്ക്ക് ഇതിൽ ഔദ്യോഗിക മറുപടി നൽകാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.



