സ്വർണ പണയ തട്ടിപ്പ്… നിർണായക വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്…

രണ്ട് യുവതികളുടെ ആത്മഹത്യയിലേക്ക് നയിച്ച സ്വർണ പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ സിന്ധു കുമാരിക്കെതിരെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. പ്രതിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഏകദേശം ഒന്നര കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. സിന്ധു കുമാരിയുടെ പേരിൽ ഒരു ബാങ്കിൽ നാല് അക്കൗണ്ടുകളും മറ്റ് രണ്ട് ബാങ്കുകളിലായി രണ്ട് അക്കൗണ്ടുകളും ഉള്ളതായി പൊലീസ് അറിയിച്ചു. ഇവയിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനൊപ്പം പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ഇതിനകം 17 പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. 175 പവനിലധികം സ്വർണം തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കൂടാതെ, വസ്തുവിന്റെ ആധാരം കൈവശപ്പെടുത്തി വായ്പാ തട്ടിപ്പ് നടത്തിയെന്ന പരാതിയും ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ആഴ്ച കോടതിയെ സമീപിക്കും. പ്രതിയുമായി ബന്ധമുള്ള മറ്റ് സഹകരണ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരികളായ വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28), വെങ്ങാനൂർ ചാവടിനട രാജ് രാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) എന്നിവരാണ് തട്ടിപ്പിൽപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. പരാതികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്.

Related Articles

Back to top button