ഭാര്യ പിണങ്ങിപ്പോയ പ്രതികാരം തീർത്തത് മക്കളോട്… ജ്യൂസിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുവയസ്സുകാരി മരിച്ചു…

തൃശൂർ: പെരുമ്പിലാവിൽ ക്രൂരനായ അച്ഛൻ ജ്യൂസിൽ എലിവിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുവയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മുത്തുവിന്റെ മകൾ ഋതിക (7) യാണ് മരണപ്പെട്ടത്. വിഷം ഉള്ളിൽച്ചെന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ഇളയ സഹോദരൻ നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യ താനുമായി പിണങ്ങിപ്പോയതിലുള്ള കടുത്ത വൈരാഗ്യമാണ് സ്വന്തം ചോരയിലുള്ള മക്കളെ കൊലപ്പെടുത്താൻ മുത്തുവിനെ പ്രേരിപ്പിച്ചത്. കുട്ടികൾക്ക് കുടിക്കാൻ നൽകിയ ജ്യൂസിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. അപകടവിവരമറിഞ്ഞ് കുട്ടികളെ ആദ്യം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ഋതികയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ഋതികയുടെ മരണം സ്ഥിരീകരിച്ചത്.
അതേസമയം, തൃശൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഋതികയുടെ സഹോദരൻ ഋതിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് പ്രതിയായ മുത്തുവിനെ (29) പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാൾ പോലീസിനെ വെട്ടിച്ച് ചാടിപ്പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ ഇന്നലെയാണ് ഇയാളെ വീണ്ടും പിടികൂടിയത്. പ്രതിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.



