‘ചായപ്പൈസ കൊടുക്കാൻ മറന്നു, തിരികെ നടന്നു’.. തുരങ്കപാതയിലെ നടുക്കുന്ന അനുഭവവുമായി സൂപ്പർവൈസർ…

വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ നിന്ന് താൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് പദ്ധതിയിലെ സൂപ്പർവൈസർമാരിൽ ഒരാളായ ടി കെ കുഞ്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ചത്.
ചായ കുടിച്ചതിന് ശേഷം പൈസ കൊടുക്കാൻ മറന്നുപോയിരുന്നു. ആ പൈസ നൽകാനായി തിരികെ കടയിലേക്ക് വന്നതായിരുന്നു ഞാൻ. ഇതിനിടയിലാണ് പെട്ടെന്ന് മണ്ണ് ഇടിഞ്ഞുവീഴുന്നത്. ആ സമയത്ത് അവിടെ നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയെ രക്ഷിക്കാനാണ് ഞാൻ മണ്ണിടിയുന്ന ഭാഗത്തേക്ക് ഓടിയത്. എന്നാൽ എന്റെ തലയൊഴികെയുള്ള ശരീരഭാഗങ്ങളെല്ലാം പെട്ടെന്ന് തന്നെ മണ്ണിനടിയിലായിപ്പോയി. പിന്നീട് അവിടെ നിന്ന് എങ്ങനെയോ എഴുന്നേറ്റ് വന്ന് മറ്റ് രണ്ട് പേരെക്കൂടി എനിക്ക് രക്ഷിക്കാൻ സാധിച്ചു. എന്നാൽ ഒപ്പം ചായ കുടിച്ച് മടങ്ങിയ സഹപ്രവർത്തകരെ ഇപ്പോൾ കാണാതായിരിക്കുകയാണ് കുഞ്ചു പറഞ്ഞു.
കള്ളാടിയിൽ ഉണ്ടായത് സ്വാഭാവികമായ മണ്ണിടിച്ചിൽ ആണെന്നും ഉരുൾപൊട്ടലല്ലെന്നും സൂപ്പർവൈസർ വ്യക്തമാക്കി. വനഭാഗത്ത് നിന്നാണ് മണ്ണ് ഇടിഞ്ഞ് തുടങ്ങിയത്. പദ്ധതിയുടെ ഭാഗമായി എടുത്ത മണ്ണ് കൂട്ടിയിട്ടിരുന്നത് വലതുഭാഗത്തായിരുന്നു. ഈ മണ്ണ് ടാർപോളിൻ ഇട്ട് മൂടുകയും ചെയ്തിരുന്നു. എന്നാൽ അതിന് വിപരീതമായി ഇടതുഭാഗത്താണ് ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. അവിടെ ഇത്തരമൊരു അപകടം ആരും പ്രതീക്ഷിച്ചിരുന്നില്ല. നിർമ്മാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നതിനാലാണ് അവിടെ ജീവനക്കാർ അധികം ഉണ്ടാകാതിരുന്നത്. നിരീക്ഷണത്തിന് വേണ്ടിയുള്ള കുറച്ചു ജീവനക്കാർ മാത്രമാണ് അപകടസമയത്ത് സൈറ്റിൽ ഉണ്ടായിരുന്നത്.



