ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം… പ്രതിയായ സഹപാഠി കുറ്റം സമ്മതിച്ചു…

ആലപ്പുഴ: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സഹപാഠി സദറുൽ അനം (23) കുറ്റം സമ്മതിച്ചു. ബുഖാര പൊലീസിനോടാണ് പ്രതി കൊലക്കുറ്റം സമ്മതിച്ചത്. പെൺകുട്ടിയുമായി ഉണ്ടായ വാക്കുതർക്കത്തെയും പെട്ടെന്നുണ്ടായ പ്രകോപനത്തെയും തുടർന്നാണ് താൻ ആക്രമണം നടത്തിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
കോളേജ് ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് പ്രതി പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മർദ്ദനത്തിനിടെ ലാപ്ടോപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അടിയേറ്റ പെൺകുട്ടിയെ പിന്നീട് പ്രതി തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ തലച്ചോറിലുണ്ടായ കടുത്ത രക്തസ്രാവമാണ് വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉസ്ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് ഇരുവരും. കഴിഞ്ഞ ശനിയാഴ്ച കോളേജ് ഹോസ്റ്റലിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്-മിനി സുപ്രഭ ദമ്പതികളുടെ മകളായ സാവരിയ (22) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകളെ പതിവായി ഫോണിൽ വിളിക്കാറുള്ള മാതാപിതാക്കൾക്ക് കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് കുടുംബം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് മകളുടെ കൊലപാതക വിവരം പുറത്തറിയുന്നത്.കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം ഇന്നലെ ഡൽഹിയിൽ എത്തിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ മൃതദേഹം ജന്മനാടായ ഹരിപ്പാട്ടേക്ക് എത്തിക്കുമെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.



