ഉദ്യോഗസ്ഥരേ ജാഗ്രതൈ! വിജിലൻസ് ഇനി സർക്കാരിന്റെ അനുമതിക്ക് കാത്തുനിൽക്കില്ല

സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് കടുത്ത മുന്നറിയിപ്പുമായി വിജിലൻസ് മാനുവൽ പരിഷ്കരിക്കുന്നു. അഴിമതി തെളിഞ്ഞാൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഇനി സർക്കാരിന്റെ മുൻകൂർ അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ല. സി.ബി.ഐ, എൻ.ഐ.എ മാതൃകയിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് യൂണിഫോം ഏർപ്പെടുത്തുന്നതുൾപ്പെടെ, വിജിലൻസ് ഡയറക്ടർക്ക് പരമാധികാരം നൽകുന്ന പുതിയ മാനുവൽ നാളെ ആഭ്യന്തരമന്ത്രി പുറത്തിറക്കും.
2002ലാണ് വിജിലൻസ് മാനുവൽ അവസാനമായി പരിഷ്ക്കരിച്ചത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. മിന്നൽ പരിശോധനക്കും തുടർ പരിശോധനകൾക്കും പുതിയ മാർഗ നിർദ്ദേശങ്ങൾ മാന്വവലിലുണ്ട്. കേസന്വേഷണത്തിന് ഉത്തരവിടാനും റിപ്പോർട്ടുകൾക്ക് അംഗീകാരം നൽകാനുമുളള അധികാരം ഡയറക്ടർക്കായിരിക്കും. സർക്കാർ ഉദ്യോഗസ്ഥർ പ്രതിയാകുന്ന കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനും പുതിയ മാനുവലിൽ വ്യവസ്ഥയുണ്ട്.



