വെളുക്കാൻ തേച്ചത് വിനയായി; ഫെയർനെസ് ക്രീ ഉപയോഗിച്ച 18 സ്ത്രീകൾക്ക് ഗുരുതര വൃക്കരോഗം

സൗന്ദര്യം വർധിപ്പിക്കാനും നിറം വെളുപ്പിക്കാനുമായി ഉപയോഗിച്ച ഫെയർനെസ് ക്രീമുകൾ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിലൂടെയും വാങ്ങിയ ‘ഗോറി ബ്യൂട്ടി ക്രീം’ ഉൾപ്പെടെയുള്ള സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച 18 സ്ത്രീകൾക്കാണ് ഗുരുതര വൃക്കരോഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ആരോഗ്യവിദഗ്ധരും അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉപയോഗിച്ച ക്രീമുകളിൽ അപകടകരമായ രാസവസ്തുക്കളോ ഉയർന്ന അളവിൽ വിഷാംശങ്ങളോ ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക സംശയം. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണ് ഇത്രയും സ്ത്രീകൾ സമാനമായ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് ഭരണവിഭാഗം നടത്തിയ പരിശോധനയിൽ ഈ ക്രീമുകളിൽ അനുവദനീയമായതിലും വളരെ ഉയർന്ന തോതിൽ മെർക്കുറി, ലെഡ് തുടങ്ങിയ വിഷാംശങ്ങളുള്ള ഘനലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ചർമത്തിന്റെ നിറം വർധിപ്പിക്കുന്നതിനായി മെലാനിൻ ഉൽപ്പാദനം തടയുകയാണ് ഇത്തരം ക്രീമുകൾ ചെയ്യുന്നത്.
എന്നാൽ ഇവയിലെ ഉയർന്ന മെർക്കുറിയുടെ സാന്നിധ്യം ചർമത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും രക്തത്തിൽ കലർന്ന് നേരിട്ട് വൃക്കകളെ ബാധിക്കുകയും ചെയ്യുന്നു. ഗോറി ബ്യൂട്ടി ക്രീമിന് പുറമെ ‘ഫെയ്സ് ഫ്രഷ് ഗോൾഡ്’, ‘ഗോൾഡൻ സ്റ്റാർ ബ്യൂട്ടി ക്രീം’ തുടങ്ങിയവയിലും അപകടകരമായ രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
രോഗബാധകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എഫ്ഡിഎ നാഗ്പൂരിലെ വിവിധ കടകളിലും ഗോഡൗണുകളിലും വ്യാപകമായ റെയ്ഡുകൾ നടത്തുകയും ക്രീമുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് കർശനമായി നിരോധിച്ചിട്ടുണ്ട്.
ലേബലുകളിൽ നിർമാതാക്കളുടെ വിലാസമോ, നിർമിച്ച തീയതിയോ, എക്സ്പയറി തീയതിയോ കൃത്യമായി രേഖപ്പെടുത്താതെയാണ് ഇവ വിപണിയിൽ എത്തിയിരുന്നത്. ഇവ ഉപയോഗിക്കുന്നവർ അടിയന്തരമായി അത് നിർത്തണമെന്നും, സ്റ്റോക്കുകൾ പിൻവലിക്കാൻ വിതരണക്കാർക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും നിർദേശം നൽകിയതായും എഫ്ഡിഎ കമ്മീഷണർ വ്യക്തമാക്കി.
മെർക്കുറി അടങ്ങിയ ക്രീമുകളുടെ ദീർഘകാല ഉപയോഗം വൃക്കകളെ മാത്രമല്ല, നാഡീവ്യൂഹത്തെയും കരളിനെയും ഗുരുതരമായി ബാധിക്കും. കൂടാതെ ഓർമക്കുറവ്, വിറയൽ, വിഷാദരോഗം, ചർമത്തിലെ അലർജികൾ എന്നിവയ്ക്കും ഇത് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓൺലൈനിലൂടെ ലഭിക്കുന്ന സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഡോക്ടറുടെയോ വിദഗ്ധരുടെയോ നിർദേശമില്ലാതെ ഉപയോഗിക്കരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.




