ആനക്കൊമ്പ് കേസ്: മോഹൻലാലിൻറെ കൈവശമുള്ളത് ……….

ആനക്കൊമ്പ് കേസിൽ വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ. തന്റെ കൈവശമുള്ള ആന കൊമ്പിന്റെ വിവരങ്ങൾ വനം വകുപ്പിനാണ് മോഹൻലാൽ കൈമാറിയത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തണ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ചാണ് നടപടി. മാർച്ചിൽ മലയാറ്റൂർ ഡിഫ്ഒയ്ക്ക് നൽകിയ അപേക്ഷയിൽ നടപടി തുടങ്ങി. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കര കൗശല വസ്തുക്കളുമാണ് ലാലിന്റെ കൈവശമുള്ളത്.
2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിൻറെ തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. ലൈസൻസ് രേഖകൾ ഹാജരാക്കാതിരുന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുത്തു. 2015ൽ പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുളള നടപടിയും അന്നത്തെ സർക്കാർ തുടങ്ങി. ഇതിന് പിന്നാലെ ആനക്കൊമ്പുകൾ കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകി സർക്കാർ ഉത്തരവിറക്കിയത്. പിന്നീട്, ഈ ലൈസൻസ് ഹൈക്കോടതി റദ്ദാക്കി. സർക്കാർ നടപടി ചോദ്യം ചെയ്തുളള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ലൈസൻസ് അനുവദിക്കാനുള്ള സർക്കാരിൻറെ നടപടിക്രമങ്ങളിൽ സാങ്കേതികമായ പിഴവുണ്ടായി എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.



