കോൺഗ്രസിനെ ഞെട്ടിച്ച നീക്കം, എല്ലാം വിശദീകരിച്ച് ദിയ പുളിക്കക്കണ്ടം

ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ കനത്ത തർക്കത്തിൽ വിശദീകരണവുമായി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിഷയം വോട്ടടെടുപ്പിലേക്ക് പോകുമ്പോൾ പ്രതിപക്ഷത്തിന് ആവശ്യത്തിന് ക്വാറം തികഞ്ഞിരുന്നുവെന്ന് ദിയ വ്യക്തമാക്കി. 26 പേരടങ്ങുന്നതാണ് കൗൺസിൽ. പല നഗരസഭയിലും ചെറിയ ഭൂരിപക്ഷത്തിൻറെ വ്യത്യാസം മാത്രമാണ് ഉള്ളത്. പല കാരണങ്ങളാൽ യുഡിഎഫിലെ അഞ്ചോ ആറോ അംഗങ്ങൾക്ക് വരാൻ പറ്റിയില്ല. അതാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. ചെയർപേഴ്സണും ഭരണപക്ഷത്തെ കൗൺസിലർമാരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദിയ പറഞ്ഞു.

ഒരു മരണം ഉണ്ടായിരുന്നതിനാലാണ് തൻറെ പിതാവും അങ്കിളും കൗൺസിലിന് എത്താതിരുന്നത്. അവർ രണ്ടുപേരും മാത്രമല്ല, കോൺഗ്രസ് കൗൺസിലർമാരും എത്തിയിരുന്നില്ല. കൗൺസിലിൽ വരാൻ പറ്റാത്ത പല വ്യക്തിപരമായിട്ടുള്ള കാരണങ്ങൾ പലർക്കും കാണാം. അതിലേക്ക് പോകേണ്ട ആവശ്യമില്ല. പിന്തുണ പിൻവലിക്കുമെന്ന് യുഡിഎഫ് ഭീഷണിയോട് ഇപ്പോൾ പ്രതികരിക്കുന്നില്ല. ഇവിടെ ഒന്നോ രണ്ടോ കൗൺസിലർമാർ എടുക്കേണ്ട ഒരു തീരുമാനം അല്ല. യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. നേതൃത്വമായി സംസാരിച്ച് ഏത് തീരുമാനം ആണെങ്കിലും ഇവരെല്ലാവരും ഒരുമിച്ച് നിൽക്കും. അതുകൊണ്ട് ഇപ്പൊ അതിനെപ്പറ്റി ഞാൻ സംസാരിക്കുന്നില്ല.

കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതിൽ തനിക്ക് താത്പര്യമില്ല. കഴിഞ്ഞ പ്രാവശ്യം ഇങ്ങനെ ഒരു പരിപാടി നടന്നപ്പോൾ ഒത്തിരി പേർക്ക് ബുദ്ധിമുട്ടുണ്ടായി. തൻറെ വിയോജിപ്പ് ഈ വിഷയത്തിൽ അതുകൊണ്ടാണ് രേഖപ്പെടുത്തിയത്. കൗൺസിലിന് എത്തിയ കോൺഗ്രസ് കൗൺസിലർമാരും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും ദിയ കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിൻറെ ശക്തമായ എതിർപ്പിനെ മറികടന്ന് വോട്ടെടുപ്പിലൂടെയാണ് കൗൺസിൽ ഡിവൈഎഫ്ഐയുടെ ആവശ്യത്തിന് അനുമതി നൽകിയത്. കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് വിഷയം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവരും ഒരു കേരള കോൺഗ്രസ് അംഗവും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം കിട്ടിയതും ഡിവൈഎഫ്ഐയുടെ ആവശ്യം കൗൺസിൽ അംഗീകരിച്ചതും. എന്നാൽ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, ഡി വൈ എഫ് ഐക്ക് വേണ്ടി എൽ ഡി എഫുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു.

Related Articles

Back to top button