കരുവന്നൂർ കള്ളപ്പണക്കേസ്: കെ രാധാകൃഷ്ണൻ എംപിയും എ സി മൊയ്തീൻ എംഎൽഎയും…….

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി പി ഐ എം നേതാക്കൾ കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. കെ രാധാകൃഷ്ണൻ എംപി, എ സി മൊയ്തീൻ എംഎൽഎ, എം എം വർഗീസ് അടക്കം എട്ട് പ്രതികളാണ് കലൂർ പി എംഎൽഎ കോടതിയിൽ ഹാജരായി ജാമ്യം എടുത്തത്. കേസിൽ സിപിഐഎം 68-ാം പ്രതിയാണ്. പാർട്ടിയെ പ്രതിനിധീകരിച്ച് ഇന്ന് ആരും കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് തൃശ്ശൂർ ജില്ലാ സെക്രട്ടറി ഈ മാസം 21ന് ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകി. ഇന്ന് ഹാജരാകാത്ത മറ്റ് 19 പ്രതികളും 21ന് തന്നെ ഹാജരാകണം. കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ചശേഷം പ്രതികൾ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതൽ ഹർജി സമർപ്പിക്കും.
നേരത്തെ നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് വിലയിരുത്തിയ കോടതി വിചാരണ നേരിടാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്ക് കോടതി സമൻസ് അയച്ചിരുന്നു. കേസിൽ എ സി മൊയ്തീൻ 67-ാം പ്രതിയും സിപിഐഎം 68-ാം പ്രതിയും എം എം വർഗീസ് 69-ാം പ്രതിയും കെ രാധാകൃഷ്ണൻ 70-ാം പ്രതിയുമാണ്. കരുവന്നൂർ കേസിൽ ഇഡി സമർപ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി ആകെ 83 പ്രതികളാണുള്ളത്. പ്രതികൾ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്ന് ഇ ഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്. പാർട്ടിയുടേത് ഉൾപ്പടെ 128.82 കോടി രൂപയുടെ ആസ്തികൾ ഇഡി ഇതിനോടകം കണ്ടുകെട്ടിയിരുന്നു. അതേസമയം, തങ്ങൾ തെറ്റ് ചെയ്തത് കൊണ്ടല്ല സിപിഐഎം കാരായത് കൊണ്ടാണ് കേസിൽ ഇഡി പ്രതി ചേർത്തതെന്ന് കോടതി പരിസരത്ത് വെച്ച് കെ രാധാകൃഷ്ണൻ എംപി ആരോപിച്ചു.




